ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി ട്വന്റിയിൽ സെഞ്ചുറിയുമായി തിളങ്ങി മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരെ നടന്ന അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയ സഞ്ജു ഡർബനിലും തന്റെ ഫോം തുടർന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കായി 10 പടുകൂറ്റൻ സിക്സറുകളുടെയും 7 ഫോറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു തുടർച്ച രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ തൻറെ തനത് ആക്രമണ ശൈലിയിൽ ബാറ്റ് വീശിയ സഞ്ജു തന്നെയാണ് ഇന്ത്യൻ ടോപ്സ്കോറർ. 50 പന്തുകളിൽ നിന്നും 107 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ബാറ്റ്സ്മാൻമാർ നിലയുറപ്പിക്കാൻ നന്നേ ബുദ്ധിമുട്ടിയ ഡർബൻ പിച്ചിൽ സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവും തിലക് വർമ്മയും ഭേദപ്പെട്ട പ്രകടനം നടത്തി.
തുടർച്ചയായി രണ്ട് ടി ട്വന്റികളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡും സഞ്ജു സ്വന്തം പേരിൽ ചേർത്തു.