ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എഫ്സി ഗോവയുടെ സ്പാനിഷ് പരിശീലകനായ മനോളോ മാർക്കസിനെ ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യപരിശീലകനായി നിയമിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ചുവർഷം ഇന്ത്യൻ ഫുട്ബോൾ ടീമിൻറെ പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാക്കിന് പകരക്കാരൻ ആയിട്ടാണ് മനോളോ എത്തുന്നത്. ഏഷ്യാകപ്പിലെയും വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിലെയും മോശം പ്രകടനത്തെ തുടർന്നാണ് ഇഗോർ സ്റ്റിമാക്കിന്റെ സ്ഥാനം തെറിച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദിന്റെയും, നിലവിൽ എഫ് സി ഗോവയുടെയും കോച്ചായ മനോളോ കഴിവുറ്റ യുവതാരങ്ങളെ കണ്ടെത്താനും അവർക്ക് അവസരങ്ങൾ നൽകാനും മിടുക്കനാണ്. 2021-22 സീസണിൽ ഹൈദരാബാദിനെ ഐഎസ്എൽ കപ്പ് ജേതാക്കൾ ആക്കുവാൻ മനോളോയ്ക്ക് കഴിഞ്ഞിരുന്നു.
മൂന്നുവർഷത്തെ കരാറിൽ ഇന്ത്യൻ ടീമിൻറെ പരിശീലകനാകുന്ന ഇദ്ദേഹത്തിന് എഫ്സി ഗോവയിൽ ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ട്. ആയതിനാൽ ഈ വരുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവയുടെ പരിശീലക സ്ഥാനത്ത് മനോളോ തന്നെയുണ്ടാകും.