തൻറെ നേട്ടങ്ങൾ ഒന്നും എളുപ്പത്തിൽ സംഭവിച്ചതല്ലെന്നും 10 വർഷമായി താൻ ഈയൊരു നിമിഷത്തിന് കാത്തിരിക്കുകയായിരുന്നു എന്നും സഞ്ജു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ തകർപ്പൻ സെഞ്ച്വറിയോടെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം.
തന്റെ ഫോമിനെ കുറിച്ച് ചോദിച്ചപ്പോൾ സഞ്ജു പറഞ്ഞതിങ്ങനെ;
“അതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചാൽ ഞാൻ വികാരഭരിതനാകും, കാരണം ഇത് വളരെ എളുപ്പം സംഭവിച്ച ഒന്നല്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈയൊരു നിമിഷത്തിനായി എനിക്ക് നീണ്ട 10 വർഷം കാത്തിരിക്കേണ്ടി വന്നു. സംഭവിച്ച എല്ലാത്തിനും സന്തോഷവും നന്ദിയും ഉണ്ട്. പരമാവധി ക്രിക്കറ്റ് ആസ്വദിക്കാൻ ശ്രമിക്കുന്നു”
2015 ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച് സഞ്ജുവിന് പല കാരണങ്ങളാൽ തുടർച്ചയായി അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഗംഭീർ – സൂര്യകുമാർ സഖ്യത്തിന്റെ കീഴിലാണ് സഞ്ജുവിന് കൃത്യമായ റോളും അവസരവും ലഭിച്ചത്. അത് കൃത്യമായി മുതലെടുക്കാനും സഞ്ജുവിന് കഴിഞ്ഞു.
തൻറെ പ്രകടനത്തിന് കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും സഞ്ജു നന്ദി അറിയിച്ചു. ശ്രീലങ്കൻ പര്യടനത്തിനുശേഷം ഗൗതം ഗംഭീറിൽ നിന്നും നിരവധി ഫോൺ കോളുകൾ തനിക്ക് വന്നു എന്നും സ്പിന്നർ മാർക്കെതിരായ തന്റെ പ്രകടനം മെച്ചപ്പെടുത്തണമെന്ന് നിർദേശിച്ചതായും സഞ്ജു പറഞ്ഞു.
ദുലീപ് ട്രോഫി സമയത്ത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വരാനിരിക്കുന്ന രണ്ട് സീരീസുകളിലും ഓപ്പൺ ചെയ്യുക സഞ്ജു ആയിരിക്കുമെന്നും തനിക്ക് ടീമിലുള്ള റോളും കൃത്യമായി നിർദ്ദേശിച്ചു. ഇത് തനിക്ക് കൂടുതൽ തയ്യാറെടുക്കാനായും മികച്ച പ്രകടനം നടത്താനായി സഹായകരമായെന്നും താരം പറഞ്ഞു.