Monday, November 10, 2025

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) അടുത്ത സീസൺ തുടങ്ങുന്നത് സംബന്ധിച്ച് കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചു. സീനിയർ ടീം അംഗങ്ങളോടും വിദേശ താരങ്ങളോടും വീടുകളിലേക്ക് മടങ്ങാൻ ക്ലബ്ബ് മാനേജ്‌മെന്റ് നിർദ്ദേശം നൽകി.

​സൂപ്പർ കപ്പിന് വേണ്ടി മാത്രം താരങ്ങളെ നിലനിർത്തുന്നത് ക്ലബ്ബുകൾക്ക് വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഐഎസ്എൽ എപ്പോൾ ആരംഭിക്കുമെന്നോ, നടത്തിപ്പ് സംബന്ധിച്ചോ വ്യക്തതയില്ലാത്തതാണ് ക്ലബ്ബുകളെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. കൊച്ചിയിൽ താരങ്ങളെ താമസിപ്പിച്ച് പരിശീലനം നൽകുന്നത് താൽക്കാലികമായി നിർത്താനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ തീരുമാനം.

​കേരള ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, മോഹൻ ബഗാൻ ഉൾപ്പെടെയുള്ള പ്രമുഖ ഐഎസ്എൽ ക്ലബ്ബുകളും സമാനമായ രീതിയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചിട്ടുണ്ട്. സൂപ്പർ കപ്പ് സെമിയിൽ എത്തിയ ടീമുകൾ മാത്രമാണ് നിലവിൽ പരിശീലനം തുടരുന്നത്.

​ഐഎസ്എൽ നടത്തിപ്പിനായി വിളിച്ച ടെൻഡറിൽ ഒരു കമ്പനി പോലും പങ്കെടുക്കാൻ മുന്നോട്ട് വന്നിട്ടില്ല എന്ന വാർത്തയാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇത് ക്ലബ്ബുകൾക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്. എല്ലാ ക്ലബ്ബുകളും ഇപ്പോൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഫെഡറേഷന്റെ അടിയന്തര ഇടപെടൽ മാത്രമാണ് നിലവിലെ പ്രതിസന്ധിക്ക് പരിഹാരമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ് അധികൃതരും ആരാധകരും.

0 Comments

Leave a Comment