മുംബൈ സിറ്റിക്കെതിരായ തകർപ്പൻ വിജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ ഡ്യുറണ്ട് കപ്പ് യാത്രയ്ക്ക് തുടക്കം. എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ്
മുംബൈ സിറ്റിയെ തകർത്തെറിഞ്ഞത്. കൊൽക്കത്തയിലെ കിഷോർ ഭാരതി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി മൊറോക്കൻ താരം നോഹ സഡോയിയും ഘാന താരം ക്വമേ പേപ്രയും ഹാട്രിക്ക് നേടി. പകരക്കാരനായി ഇറങ്ങിയ ഇഷാൻ പണ്ഡിത രണ്ടു ഗോളടിച്ച് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്തി.
റിസർവ് ടീം താരങ്ങളുമായി കളിക്കാൻ ഇറങ്ങിയ മുംബൈ സിറ്റിക്ക് കളിയുടെ ഒരു ഘട്ടത്തിൽ പോലും ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. യുവതാരം സോം കുമാർ ബ്ലാസ്റ്റേഴ്സിന്റെ വല കാത്തപ്പോൾ പ്രതിരോധത്തിൽ ഐബാൻ, മിലോസ്, ഫോർമിപം, സഹീഫ് എന്നിവർ നിലയുറപ്പിച്ചു. മധ്യനിരയിൽ ഫ്രഡി, ഡാനിഷ് ഫാറൂഖ്, അഡ്രിയൻ ലൂണാ എന്നിവരും മുന്നേറ്റ നിരയിൽ നോഹ സഡോയി, ക്വമേ പേപ്ര, മുഹമ്മദ് അയ്‌മെൻ എന്നിവരും ആദ്യ ഇലവനിൽ ഇടം പടിച്ചു. 32ആം മിനിറ്റിൽ നോഹ യിലൂടെയാണ് ബ്ലാസ്റ്റേഴ്സ് അക്കൗണ്ട് തുറന്നത്. ബ്ലാസ്റ്റേഴ്‌സിനായി മുഹമ്മദ് അസർ, യോഹീമ്പ മീതേ, സന്ദീപ് സിങ്, ഇഷാൻ പണ്ഡിത, നവോച സിങ് എന്നിവർ പകരക്കാരായി ഇറങ്ങി. 3 ഗോളുകളും അസിസ്റ്റുമായി കളം നിറഞ്ഞു കളിച്ച നോഹ തന്നെയാണ് കളിയിലെ താരം.