പതിനൊന്നാം ഐഎസ്എൽ സീസണിന് മുന്നോടിയായി തായ്‌ലൻഡിൽ പരിശീലനം പുരോഗമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം സൗഹൃദ മത്സരത്തിൽ ടീമിന് മിന്നും വിജയം. തായ് പ്രീമിയർ ലീഗ് ക്ലബ്ബായ റച്ചബുരി എഫ്സി ക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചു കയറിയത്. തായ് പ്രീമിയർ ലീഗിലെ പ്രധാന ടീമുകളിൽ ഒന്നായ റച്ചബുരി എഫ് സി അവരുടെ ശക്തമായ ടീമിനെ തന്നെയാണ് ബ്ലാറ്റേഴ്‌സിനെതിരെ അണിനിരത്തിയത്. നാലു വിദേശ താരങ്ങൾ അവർക്കായി ബൂട്ട് കെട്ടി. കേരള ബ്ലാസ്റ്റേഴ്സിനായി വിദേശ താരങ്ങളായ മിലോസ്, ലൂണാ, നോഹ, പേപ്ര എന്നിവരും കളത്തിലിറങ്ങി. മത്സരത്തിൽ ആദ്യം ലീഡ് നേടിയത് റച്ചബുരി എഫ് സി ആയിരുന്നെങ്കിലും യുവതാരം മുഹമ്മദ് ഐമന്റെ ഗോളിൽ ബ്ലാസ്റ്റേഴ്സ് കളി തിരിച്ചുപിടിച്ചു. ബ്ലാസ്റ്റേഴ്സിനായി യുവ താരങ്ങളായ ക്വാമി പെപ്ര, അമാവിയ, മുഹമ്മദ് ഷഹീഫ് എന്നിവർ വലകുലുക്കി. ഒരു ഗോളും രണ്ട് അസിസ്റ്റുമായി ഘാന താരം ക്വാമി പെപ്രയാണ് കളിയിലെ താരം.
കഴിഞ്ഞ സീസണിൽ തായ് പ്രീമിയർ ലീഗിൽ 39 പോയിൻ്റുമായി ആറാം സ്ഥാനത്തായിരുന്നു ടീം. 2021 സീസണിൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗിലും പങ്കെടുത്തിട്ടുണ്ട്. ഗ്രൂപ്പ് സ്റ്റേജിൽ രണ്ട് സമനിലകളും നാല് തോൽവിയുമായി നാലാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. നിലവിൽ ഇന്ത്യൻ ടീം കോച്ചായി നിയമിതനായ മനോളോ മാർക്കസ് മുൻപ് പരിശീലിപ്പിച്ച ടീം കൂടിയാണ് റച്ചബുരി എഫ് സി.