22 വർഷത്തിനുശേഷം ഓസ്ട്രേലിയയിൽ പരമ്പര നേടി പാകിസ്ഥാൻ. നിർണായകമായ മൂന്നാം ഏകദിന മത്സരത്തിൽ 8 വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെയാണ് പാക്കിസ്ഥാൻ ഓസ്ട്രേലിയയെ തകർത്തു വിട്ടത്.
ആദ്യ ഏകദിനത്തിൽ 2 വിക്കറ്റിന് വിജയിച്ച ഓസ്ട്രേലിയ പരമ്പരയിൽ മുൻതൂക്കം സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീടുള്ള രണ്ടു മത്സരങ്ങളിലും പാകിസ്ഥാൻ പേസർമാർക്ക് മുന്നിൽ കങ്കാരുക്കൾക്ക് അടിയറവ് പറയേണ്ടിവന്നു. രണ്ടാം ഏകദിനത്തിൽ ഹാരിസ് റൗഫിന്റെയും ഷഹീൻ ഷാ അഫ്രീദിയുടെയും പ്രകടന മികവിൽ പാക്കിസ്ഥാൻ ഓസ്ട്രേലിയയെ 163 റൺസിന് എറിഞ്ഞിട്ടു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ ഓപ്പണർമാരായ സയീം അയൂബിൻ്റെയും അബ്ദുള്ള ഷഫീക്കിന്റെയും മികവിൽ 9 വിക്കറ്റിന്റെ പടുകൂറ്റൻ വിജയം നേടി പരമ്പര സമനിലയിലാക്കി.
മൂന്നാം ഏകദിനത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ടോസ് നേടിയ പാക്കിസ്ഥാൻ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു. ക്യാപ്റ്റൻ ബാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ജോഷ് ഇംഗ്ലീഷിൻ്റെ നേതൃത്വത്തിലാണ് ഓസ്ട്രേലിയ നിർണായക മത്സരത്തിനിറങ്ങിയത്. എന്നാൽ പാക്ക് പേസ് നിരക്ക് മുന്നിൽ നിലയുറപ്പിക്കാൻ കഴിയാതെ പോയ ഓസ്ട്രേലിയയുടെ സ്കോറിംഗ് 140 ൽ അവസാനിച്ചു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാനായി ഓപ്പണർമാരായ അയൂബും ഷഫീക്കും ഫോം തുടർന്നു. ലക്ഷ്യത്തിനരികെ ഇരുവരും കൂടാരം കയറിയെങ്കിലും ക്യാപ്റ്റൻ റിസ്വാനും ബാബറിൻ്റെയും മികവിൽ പാക്കിസ്ഥാൻ 8 വിക്കറ്റിന് ജയിച്ചു കയറി. ക്യാപ്റ്റൻ ആയതിനുശേഷം ഉള്ള മുഹമ്മദ് റിസ്വാന്റെ ആദ്യ പരമ്പര കൂടിയാണിത്.