ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡൽ ജേതാക്കളായി ടീം ഇന്ത്യ. സ്പെയിൻ നു എതിരെ നടന്ന മത്സരത്തിൽ 1നു എതിരെ 2 ഗോളുകൾക്കാണ് ഇന്ത്യൻ വിജയം. ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ടീം ഇന്ത്യ പാരിസ് ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ ലക്ഷ്യമിട്ടാണ് എത്തിയിരുന്നത് എന്നാൽ സെമിയിൽ ജർമ്മനിയോട് പൊരുതി തോൽക്കാൻ ആയിരുന്നു വിധി. പിന്നിൽ നിന്നും വിജയിച്ചുകയറിയാണ് ടീം ഇന്ത്യ വെങ്കല മെഡലുറപ്പിച്ചത്. ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമൻ പ്രീതാണ് രണ്ടു ഗോളുകളും നേടിയത്.
പാരിസ് ഒളിംപിക്സിന് മുമ്പ് തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന ഇന്ത്യൻ ഹോക്കി ഇതിഹാസം പി ആർ ശ്രീജേഷിന്റെ അവസാന മത്സരം കൂടിയായിരുന്നു ഇത്. ശ്രീജേഷിനായി ഈ ഒളിംപിക്സിൽ സ്വർണ്ണ മെഡൽ നേടുകയാണ് ലക്ഷ്യമെന്ന് ക്യാപ്റ്റൻ ഹർമൻ പ്രീത് സിങ്ങും പറഞ്ഞിരുന്നു. എന്നാൽ ജർമ്മനിയോട് സെമിയിൽ തോറ്റു പുറത്തായ ടീമിനു വെങ്കലമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഒളിംപിക്സിൽ മെഡൽ നേടുന്ന രണ്ടാമത്തെ മാത്രം മലയാളിയാണ് പി. ആർ ശ്രീജേഷ്. തുടർച്ചയായി രണ്ടു ഒളിംപിക്സുകളിലും മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൻറെ നിർണായക സാന്നിധ്യം ആകാനും ശ്രീജേഷിന് കഴിഞ്ഞു. ബ്രിട്ടനെതിരെ നടന്ന ക്വാർട്ടർ ഫൈനലിൽ പത്തു പേരായി ചുരുങ്ങിയ ടീം ഇന്ത്യയുടെ രക്ഷകനായതും ശ്രീജേഷാണ്. മികച്ച സേവകളോടെ കളം നിറഞ്ഞു കളിച്ച ശ്രീജേഷ് നിരവധി പ്രശംസ പിടിച്ചു പറ്റിയിരുന്നു.