പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. ടോക്കിയോ ഒളിമ്പിക്സിൽ നേടിയ സ്വർണമെഡൽ നിലനിർത്താൻ ഇറങ്ങിയ നീരജ് ചോപ്രയ്ക്ക് തിരിച്ചടിയായി പാകിസ്ഥാൻ താരം അർഷാദ് നദീം. ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഉറച്ച സ്വർണ മെഡൽ പ്രതീക്ഷയായിരുന്ന നീരജിന് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. യോഗ്യത റൗണ്ടിലെ തൻറെ ആദ്യ ശ്രമത്തിൽ തന്നെ സീസണിലെ മികച്ച ദൂരം കണ്ടെത്തിയ നീരജ് ആധികാരികമായാണ് ഫൈനലിലേക്ക് പ്രവേശിച്ചത്.
നീരജിന്റെ കടുത്ത എതിരാളിയായ പാക്കിസ്ഥാൻ താരം അർഷാദ് നദീം 92.97m ദൂരം എറിഞ്ഞ് സ്വർണമെഡൽ നേടി. നീരജിന്റെയും അർഷാദിന്റെയും ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. എന്നാൽ തൻ്റെ രണ്ടാമത്തെ അവസരത്തിൽ 89.45m ദൂരം കണ്ടെത്താൻ നീരജിന് കഴിഞ്ഞു. ആറ് ശ്രമങ്ങളിൽ അഞ്ചിലും പരാജയപ്പെട്ടതും നീരജിന് തിരിച്ചടിയായി. 92.97 മീറ്റർ ദൂരം കൈവരിച്ചതോടെ പുതിയ ഒളിമ്പിക് റെക്കോർഡിനും അർഷാദ് നദീം ഉടമയായി.