പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ ക്യാമ്പിന് വീണ്ടും നിരാശ. ചരിത്ര നേട്ടത്തിലൂടെ വനിതകളുടെ 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ മെഡലുറപ്പിച്ചിരുന്ന വിനേഷ് ഫോഗട്ട് ഭാര പരിശോധനയിൽ അയോഗ്യയാക്കപ്പെട്ടു. 100 ഗ്രാം അധിക ഭാരമാണ് വിനേഷിന് വിനയായത്. ഇന്നലെ നടന്ന സെമിഫൈനൽ മത്സരത്തിനു ശേഷം ഉറക്കം പോലും ഇല്ലാതെ നടത്തിയ തീവ്ര പരിശ്രമങ്ങൾക്കും ഫലം ഉണ്ടായില്ല. ഇന്നലെ രാത്രിയോടെ രണ്ട് കിലോഗ്രാം അധികഭാരം ഉണ്ടായിരുന്ന വിനേഷ് ഉറങ്ങാതെ സൈക്ലിങ്ങും മറ്റു ഭാര നിയന്ത്രണ പരിശീലനങ്ങളും നടത്തിയിരുന്നു. മുടി മുറിച്ചും രക്തം വാർന്നും ഭാരം കുറക്കാനായി താരവും ടീമും പരിശ്രമിച്ചിരുന്നു. എന്നാൽ ഈ ശ്രമങ്ങളെല്ലാം വിഫലമായി. ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയിൽ ആണ് താരം അയോഗ്യയാക്കപ്പെട്ടത്.
അയോഗ്യയാക്കപ്പെട്ടതോടെ വനിതകളുടെ 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ അവസാന സ്ഥാനത്ത് ആയിരിക്കും വിനേഷിന്റെ പേരുണ്ടാവുക. ഇന്നലെ നടന്ന പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി മത്സരങ്ങളിൽ ഉജ്ജ്വല പ്രകടനത്തോടെ വിജയിച്ചുകയറിയ ഫോഗട്ട് ഇന്ത്യയുടെ ഉറച്ച സ്വർണ്ണ മെഡൽ പ്രതീക്ഷയായിരുന്നു. നിലവിൽ നിർജ്ജലീകരണത്തെ തുടർന്ന് വിനേഷ് ആശുപത്രിയിൽ ചികിത്സയിലാണ്