മലയാളിയായ ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ് വിരമിക്കുന്നു. വരുന്ന 2024 പാരിസ് ഒളിമ്പിക്സിന് ശേഷമായിരിക്കും താരം കളിക്കളത്തോടു വിട പറയുക. ഇന്ത്യക്കായി 328 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള ശ്രീജേഷ് ഇന്ത്യ ഹോക്കി ടീമിൻറെ നായകനും കൂടിയായിരുന്നു. 36 കാരനായ ശ്രീജേഷിന്റെ കരിയറിലെ നാലാമത്തെ ഒളിമ്പിക്സ് ആയിരിക്കും പാരിസിൽ അരങ്ങേറുക.
https://x.com/16Sreejesh/status/1815302961251115519?t=6XvCQH1J6nAnWVq8DAOR7w&s=19
2006 ൽ സൗത്ത് ഏഷ്യൻ ഗെയിംസിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് ശ്രീജേഷ് 18 വർഷത്തെ നീണ്ട കരിയറിനാണ് വിരാമമിടുന്നത്. ഹോക്കി ലോകത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച കാവൽക്കാരനായ ശ്രീജേഷ് ഇന്ത്യക്കായി 2014 ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയിട്ടുണ്ട്. 2022 കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടിയ ടീമിൻറെ നിർണായക സാന്നിധ്യമായിരുന്നു താരം. 2020 ടോക്കിയോ ഒളിമ്പിക്സിലെ വെങ്കലമെഡൽ നേട്ടമാണ് ശ്രീജേഷിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളിൽ ഒന്ന്.
2021 ൽ രാജ്യം മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് നൽകി ആദരിച്ചു. ലോക ഗെയിംസിലെ ‘Athlete of the year’ പുരസ്കാരം നേടിയ രണ്ടാമത്തെ മാത്രം ഇന്ത്യക്കാരൻ ആണ് പി ആർ ശ്രീജേഷ്.