കിട്ടുന്ന അവസരങ്ങൾ വിനിയോഗിക്കണം; സഞ്ജുവിനെ തഴഞ്ഞതിൽ വിചിത്ര വാദവുമായി അഗാർക്കർ

കേരള താരം സഞ്ജു സാംസനെ ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയതിന് വിചിത്ര വാദവുമായി അജിത്ത് അഗാർക്കർ. ശ്രീലങ്ക പര്യടനത്തിന് മുന്നോടിയായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ടീം സെലക്ടറായ അഗാർക്കർ വിശദീകരണം നൽകിയത്. താരങ്ങൾ കിട്ടുന്ന അവസരം വിനിയോഗിക്കണമെന്നും അല്ലാത്തപക്ഷം മികച്ച പ്രകടനം നടത്തുന്ന മറ്റുതാരങ്ങൾ പുറത്തുണ്ടെന്നും അഗാർക്കർ ഓർമിപ്പിച്ചു. 15 അംഗ ടീമിനെ മാത്രമേ തിരഞ്ഞെടുക്കാൻ കഴിയുള്ളൂവെന്നും അതിനാൽ തന്നെ ചില താരങ്ങൾക്ക് നിർഭാഗ്യവശാൽ പുറത്തിരിക്കേണ്ടി വരും എന്നും ആഗാർക്കർ പറഞ്ഞു. ഏറെ പ്രതീക്ഷകളോടെ ടി ട്വന്റി ലോക കപ്പ് ടീമിൽ ഇടം നേടിയെങ്കിലും നിർഭാഗ്യം സഞ്ജുവിന് അവിടെയും വിലങ്ങുതടിയായി. ഇന്ത്യ ലോക ജേതാക്കളായിരുന്നെങ്കിലും സഞ്ജുവിന് ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല.

 

റോഡ് അപകടത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന വിക്കറ്റ് കീപ്പിംഗ് ബാറ്ററായ റിഷബ് പന്തിന്റെ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവും സഞ്ജുവിന്റെ സ്ഥാനം നഷ്ടപ്പെടുന്നതിൽ നിർണായകമായി. പല പ്രധാന ടൂർണമെൻറ് കളും വരാനിരിക്കുന്നതിനാൽ ടീം ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്ന റിഷബ് പന്തിന് കൂടുതൽ അവസരങ്ങൾ നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും അഗാർക്കർ കൂട്ടിച്ചേർത്തു. ട്വൻറി ട്വൻറി ലോകകപ്പിൽ ടീമിൽ ഇടം പിടിക്കാതിരുന്ന കെ. എൽ രാഹുലും ഏകദിന ടീമിൽ തിരിച്ചെത്തി.

 

ഇന്ത്യയ്ക്ക് വേണ്ടി അവസാനം കളിച്ച ഏകദിന മത്സരത്തിൽ സെഞ്ച്വറി അടിച്ചതാരമാണ് സഞ്ജു സാംസൺ. താരത്തെ ടീമിൽ നിന്നും പുറത്താക്കിയത് പല ചർച്ചകൾക്കും വഴി വച്ചിരുന്നു. 16 ഏകദിന മത്സരങ്ങൾ കളിച്ച സഞ്ജു, 14 ഇന്നിംഗ്സുകളിൽ നിന്നും ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 510 റൺസ് എടുത്തിട്ടുണ്ട്.

error: Content is protected !!