ബംഗ്ലാദേശിനെ എതിരായുള്ള മൂന്നാം ടി ട്വന്റി മത്സരത്തിൽ സെഞ്ച്വറിയുമായി കത്തിക്കയറി മലയാളിതാരം സഞ്ജു സാംസൺ. ഹൈദരാബാദിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് ഇറങ്ങിയ ടീം ഇന്ത്യക്കായി സഞ്ജു സാംസണും അഭിഷേക് ശർമയും ഇന്നിങ്സ് ഓപ്പൺ ചെയ്തു. ആദ്യ ഓവറിൽ കരുതലോടെ തുടങ്ങിയ സഞ്ജു രണ്ടാം ഓവറിൽ ഗിയർ മാറ്റി തുടർച്ചയായ നാല് ഫോറുകളോടെ സഞ്ജു വരവറിയിച്ചു. മൂന്നാം ഓവറിന്റെ തുടക്കത്തിൽ അഭിഷേക് ശർമയെ നഷ്ടമായെങ്കിലും പിന്നീട് എത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് സഞ്ജുവിന്റെ സംഹാരതാണ്ഡവത്തിനാണ് ഹൈദരാബാദ് സ്റ്റേഡിയം സാക്ഷിയായത്.
തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തി സ്കോറിങ് അതിവേഗത്തിലാക്കാൻ സഞ്ജുവിനും സൂര്യയ്ക്കും കഴിഞ്ഞു. പത്താം ഓവറിൽ ബംഗ്ലാദേശ് സ്പിന്നർ റിഷാദ് ഹുസൈൻ സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. തുടർച്ചയായ അഞ്ചു സിക്സുകളോടെ 30 റൺസ് ആണ് സഞ്ജു അടിച്ചുകൂട്ടിയത്. വെറും 22 ബോളുകൾ നേരിട്ടാണ് സഞ്ജു അർദ്ധശതകം പൂർത്തിയാക്കിയത്. റിഷാദ് ഹുസൈനെ തന്നെ സിക്സ് അടിച്ചു കൊണ്ടായിരുന്നു സഞ്ജുവിന്റെ നേട്ടം. അർദ്ധ സെഞ്ച്വറിയിൽ നിന്ന് സെഞ്ച്വറിയിലേക്ക് ശരവേഗം സഞ്ജു എത്തി. 40 ബോളിൽ സെഞ്ച്വറി നേടിയ സഞ്ജു വേഗതയേറിയ രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡിനും ഉടമയായി. സെഞ്ച്വറിക്ക് ശേഷവും ആക്രമിച്ചു തന്നെ കളിച്ച സഞ്ജു പതിനാലാം ഓവറിൽ മുസ്തഫിസുറിന് വിക്കറ്റ് നൽകി മടങ്ങി. 47 ബോളുകളിൽ നിന്നും 8 സിക്സറുകളും 11 ഫോറുകളും ആയി 111 റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്.