ശ്രീലങ്കക്കെതിരായ തുടർച്ചയായി രണ്ടാം മത്സരത്തിലും റൺസ് ഒന്നും നേടാൻ ആവാതെ നിരാശപ്പെടുത്തി സഞ്ജു സാംസൺ. കഴിഞ്ഞ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽത്തന്നെ മടങ്ങേണ്ടി വന്ന സഞ്ജുവിന് ഇന്നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നാലു പന്തുകൾ നേരിട്ട സഞ്ജു സ്കോർബോർഡിൽ ഒരു റൺ പോലും കൂട്ടിച്ചേർക്കാതെയാണ് കൂടാരം കയറിയത്. കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച ഗിൽ തിരിച്ചെത്തിയപ്പോൾ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്ററായ പന്തിന് വിശ്രമം നൽകി. ഇതുമൂലം സഞ്ജുവിന് വീണ്ടും നറുക്ക് വീണു. എന്നാൽ ആ അവസരവും മുതലാക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല.
കഴിഞ്ഞ മത്സരത്തിൽ ഓപ്പണിങ് സ്ഥാനത്തിറങ്ങിയ സഞ്ജുവിന് ഈ മത്സരത്തിൽ മൂന്നാമതായാണ് ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. ശ്രീലങ്കൻ പേസ് ബോളറായ ചാമിന്ദു വിക്രമസിംഹെയാണ് സഞ്ജുവിൻ്റെ വിക്കറ്റ് എടുത്തത്. പന്തിനു പുറമേ ഹർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, അർഷദീപ് സിംഗ് എന്നിവർക്കും ഇന്ത്യ വിശ്രമം അനുവദിച്ചു. ഇവർക്ക് പകരം ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഖലീൽ അഹമ്മദ് എന്നിവർക്ക് അവസരം ലഭിച്ചു.