പ്രഥമ സൂപ്പർ ലീഗ് കേരളാ ജേതാക്കളായി കാലിക്കറ്റ് എഫ് സി. കാലിക്കറ്റ് EMS സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്കു മുൻപിൽ ഫോർസാ കൊച്ചി എഫ് സിയെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തകർത്താണ് കാലിക്കറ്റ് വിജയകിരീടം ചൂടിയത്. കാലിക്കറ്റിനായി
ഇന്ത്യൻ താരം തോയ് സിംഗും മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം കെർവൻസ് ബെൽഫോർട്ടും ഗോൾ കണ്ടെത്തി. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ഫോഴ്സാ കൊച്ചിക്കായി വിദേശ താരം ഡോറിയെൽട്ടൺ ആശ്വാസ ഗോൾ കണ്ടെത്തി.
ആറു ടീമുകൾ പങ്കെടുത്ത സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ് സി യും കണ്ണൂർ വാരിയേഴ്സ് എഫ്സി യെ പരാജയപ്പെടുത്തി ഫോർസാ കൊച്ചിയും ഫൈനലിൽ എത്തി. മലപ്പുറം എഫ് സി, തൃശ്ശൂർ മാജിക് എഫ് സി ടീമുകൾ സെമി ഫൈനൽ കാണാതെ പുറത്തായി.