തിരുവനന്തപുരം:തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ യൂത്ത് ലീഗ് മത്സരങ്ങളിൽ ട്രാവൻകൂർ റോയൽസ് ഫുട്ബോൾ ക്ലബ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. U-13, U-15, U-17 എന്നീ മൂന്ന് യൂത്ത് വിഭാഗങ്ങളിലും ഒരേ സീസണിൽ കിരീടം സ്വന്തമാക്കി ട്രാവൻകൂർ റോയൽസ് “ട്രിപ്പിൾ” വിജയം കുറിച്ചു.15 ടീമുകൾ പങ്കെടുത്ത U-13 വിഭാഗം ഫൈനലിൽ, ശക്തരായ SBFA പൂവാർ ടീമിനെ പരാജയപ്പെടുത്തിയാണ് ട്രാവൻകൂർ റോയൽസ് ചാമ്പ്യന്മാരായത്.18 ടീമുകൾ മാറ്റുരച്ച U-15 വിഭാഗത്തിലും, 9 ടീമുകൾ പങ്കെടുത്ത U-17 വിഭാഗത്തിലും, ശക്തരായ കേരള ടൈഗേഴ്സ് ടീമിനെ കീഴടക്കിയാണ് റോയൽസ് കപ്പ് ഉയർത്തിയത്. തിരുവനന്തപുരം ഫുട്ബോളിൽ വളരെ അപൂർവമായി മാത്രം കണ്ടിട്ടുള്ള നേട്ടമാണ് ഒരേ സീസണിൽ മൂന്ന് യൂത്ത് വിഭാഗങ്ങളിലും കിരീടം നേടുക എന്നത്. ഈ വിജയം, ജില്ലയിലെ യുവ ഫുട്ബോൾ വികസനത്തിൽ ട്രാവൻകൂർ റോയൽസ് കൈവരിച്ച സ്ഥിരതയുള്ള മുന്നേറ്റത്തിന്റെയും ശാസ്ത്രീയ പരിശീലന സംവിധാനത്തിന്റെയും വ്യക്തമായ തെളിവാണ്.ഇന്ത്യയിലെ ആദ്യത്തെ 100% ആരാധകരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഫുട്ബോൾ ക്ലബ് എന്ന പ്രത്യേകതയുള്ള ട്രാവൻകൂർ റോയൽസ്, “നമ്മുടെ Club” എന്ന ആശയത്തിലൂടെ സമൂഹപങ്കാളിത്തവും പ്രാദേശിക പ്രതിഭകളുടെ വളർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. അക്കാദമി തലത്തിൽ മികച്ച കോച്ചിംഗ്, ഫിസിയോ സപ്പോർട്ട്, ടാക്റ്റിക്കൽ ട്രെയിനിംഗ്, മാനസിക ശക്തി വളർത്തൽ എന്നിവക്ക് ക്ലബ് വലിയ പ്രാധാന്യം നൽകുന്നു.ഈ നേട്ടത്തോടെ കേരള സ്റ്റേറ്റ് യൂത്ത് ലീഗിലേക്കുള്ള യോഗ്യതയും ട്രാവൻകൂർ റോയൽസ് ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ ഫുട്ബോളിന്റെ ഭാവിയെ ശക്തിപ്പെടുത്തുന്ന ഈ വിജയം, കളിക്കാർക്കും പരിശീലകർക്കും മാനേജ്മെന്റിനും ക്ലബിന്റെ ആരാധകരായ സഹ-ഉടമകൾക്കും സമർപ്പിക്കുന്നതായി ക്ലബ് അധികൃതർ അറിയിച്ചു.യുവ ഫുട്ബോളിലെ സ്ഥിരതയും ദീർഘകാല ദർശനവും വിജയത്തിലേക്ക് നയിക്കുന്നുവെന്നതിന്റെ ശക്തമായ ഉദാഹരണമാണ് ട്രാവൻകൂർ റോയൽസിന്റെ ഈ ‘ട്രിപ്പിൾ’ നേട്ടം.


