Tuesday, June 2, 2026

ദോഹ: ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയിലേക്ക് ഒരു മലയാളി താരം ബൂട്ട് കെട്ടുന്നു. ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ അന്തിമ സ്ക്വാഡിൽ ഇടം നേടി കണ്ണൂർ തലശ്ശേരി സ്വദേശിയായ തഹ്സിൻ മുഹമ്മദ് ജംഷിദ് ചരിത്രമെഴുതി. ലോകകപ്പ് ടീമിൽ ഇടംനേടുന്ന ചരിത്രത്തിലെ ആദ്യ മലയാളിയെന്ന റെക്കോർഡാണ് ഈ പത്തൊൻപതുകാരൻ സ്വന്തമാക്കിയത്.റയൽ മാഡ്രിഡിന്റെയും സ്പെയിന്റെയും മുൻ പരിശീലകനായ ജൂലൻ ലോപറ്റെഗുയി പ്രഖ്യാപിച്ച 26 അംഗ ഖത്തർ ടീമിലാണ് ഈ മലയാളി വിങ്ങർ ഇടംപിടിച്ചത്. സെബാസ്റ്റ്യൻ സോരിയ, താരെക് സൽമാൻ തുടങ്ങിയ പ്രമുഖ സീനിയർ താരങ്ങളെ ഒഴിവാക്കിയാണ് കോച്ച് തഹ്സിനിൽ വിശ്വാസമർപ്പിച്ചിരിക്കുന്നത്.

അക്കാദമിയിൽ നിന്ന് ലോകകപ്പിലേക്ക്

ഖത്തറിൽ ചീഫ് അക്കൗണ്ടന്റായ തലശ്ശേരി ചിറക്കര സ്വദേശി ജംഷിദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്സിൻ. ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണ്. പ്രശസ്തമായ ആസ്പയർ ഫുട്ബോൾ അക്കാദമിയിലൂടെയാണ് തഹ്സിൻ തന്റെ കരിയർ ആരംഭിക്കുന്നത്.മുൻപ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ താരമായിരുന്ന പിതാവ് ജംഷിദിന്റെ ഫുട്ബോൾ പാരമ്പര്യം തന്നെയാണ് തഹ്സിനും കരുത്തായത്. ഖത്തറിന്റെ അണ്ടർ-16, അണ്ടർ-17, അണ്ടർ-19 ടീമുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത തഹ്സിൻ, ഏഷ്യയിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ അൽ ദുഹൈലിന് വേണ്ടിയാണ് നിലവിൽ കളിക്കുന്നത്. 17-ാം വയസ്സിൽ അൽ ദുഹൈലിനായി ബൂട്ട് കെട്ടിയ തഹ്സിൻ, പ്രശസ്തമായ ഖത്തർ സ്റ്റാർസ് ലീഗിൽ (Qatar Stars League) കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.

ഖത്തറിന്റെ ലോകകപ്പ് മത്സരങ്ങൾ

ഇത്തവണ കാനഡ, സ്വിറ്റ്സർലൻഡ്, ബോസ്നിയ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഖത്തർ മത്സരിക്കുന്നത്. ജൂൺ 14-ന് സ്വിറ്റ്സർലൻഡിന് എതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. ലോകകപ്പ് വേദിയിൽ ഖത്തർ ജേഴ്സിയിൽ ഈ മലയാളി താരം പന്തുതട്ടുന്നത് കാണാനുള്ള ആവേശത്തിലാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള മലയാളി ഫുട്ബോൾ പ്രേമികൾ.

0 Comments

Leave a Comment